ഇരയുടെ അവസാന ഉരുള
കണ്ണ് പാതിയെ തുറക്കാൻ ആകുന്നുള്ളു. വിശപ്പ് ശരീരത്തെ കീഴടക്കുന്ന പോലെ... ഏതോ ഒരു നഗരത്തിലെ വഴിവക്കിൽ ഇന്നലെ രാത്രി തൊട്ട് കിടക്കുന്നതാണ്.കാലിലെ വ്രണം ഒന്നനങ്ങാൻ പോലും സമ്മതിക്കുന്നില്ല.അരികത്തു വെച്ചിട്ടുള്ള പിച്ചള പാത്രത്തിൽ നാണയ തുട്ടുകൾ ഇടക്ക് കിലുങ്ങുന്ന ശബ്ദം കേൾക്കുന്നുണ്ട്.എന്നാൽ അതിനു പകരം ഇത്തിരി ഭക്ഷണം തരാൻ പറയണം എന്നുണ്ടെങ്കിലും ഒച്ച പുറത്തു വരുന്നില്ല...
ഈശ്വരാ....ഇങ്ങനെ ശിക്ഷിക്കാൻ മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്... ഭിക്ഷയെടുത്തു ജീവിച്ചു എന്നതോ.....
ചിന്തകൾക്കിടെ ഒരു കുഞ്ഞു പെൺശബ്ദം കാതിൽ കേൾക്കുന്ന പോലെ തോന്നി.ഭക്ഷണം വല്ലതും വേണോ എന്നാണ് അതെന്നു മനസ്സിലാക്കി.ആ നിമിഷത്തിൽ ക്ഷീണം ഒന്നും കണക്കാക്കാതെ വേണം എന്ന തരത്തിൽ ഒന്ന് ആംഗ്യം കാണിച്ചു.ഇപ്പോഴത്തെ ആവശ്യവും അതായിരുന്നല്ലോ... ശേഷം മുന്നിൽ കണ്ട ആ കുഞ്ഞു മുഖം നേരത്തെ ദൈവത്തോട് ചോദിച്ച തെറ്റിനെ ചൂണ്ടി കാട്ടി തരുന്ന പോലെ തോന്നി.. അതെ.. ആ തെറ്റ് ഇത് തന്നെ..
അഞ്ചോ ആറോ വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അതിനെ അന്ന് ചെയ്തത് ഓർത്തപ്പോൾ ശരീരം മരവിക്കുന്ന പോലെ തോന്നി.എന്നാൽ പേടി കൊണ്ടോ എന്തോ അവൾ ആരോടും ഒന്നും പറഞ്ഞില്ല.പക്ഷെ അതിനു ശേഷം അവൾക്കു ഒന്ന് ഉറങ്ങാൻ പോലും കഴിഞ്ഞിട്ടുണ്ടാവില്ല..ആ കുട്ടി ഇന്നു രക്ഷകയായി എന്റെ മുൻപിൽ..
ഈശ്വരാ..നീയെനിക്ക് ഇതിലും വലിയ ശിക്ഷ നൽകാനില്ല... അവളുടെ ചോറ്റു പാത്രത്തിലെ ഭക്ഷണം അവളെനിക്ക് വായിൽ വെച്ചു തരുമ്പോൾ ഞാൻ ആ കുഞ്ഞു കണ്ണുകൾ കണ്ടു.അവൾ കരയുകയായിരുന്നു...
അന്നും..ആ കുഞ്ഞ് കരഞ്ഞിരുന്നു.എന്നാൽ അതെന്റെ കാമ കണ്ണുകളിലെ ക്രൂരത കണ്ടിട്ടായിരുന്നു..ഇന്ന് ദൈന്യം നിറഞ്ഞ എന്റെ കണ്ണുകളാവണം അവളെ കരയിപ്പിക്കുന്നത്.യഥാർത്ഥത്തിൽ ഈശ്വരൻ എനിക്ക് തന്ന ശിക്ഷ വിശപ്പായിരുന്നില്ല..ആ കരയുന്ന കുഞ്ഞു കണ്ണുകൾ ആയിരുന്നു.....
ഇരയുടെ അവസാന ഉരുളയും കഴിച്ച് മരവിച്ച ശരീരത്തെ തനിച്ചാക്കി പോകുമ്പോഴും ആ കുഞ്ഞു കണ്ണുകളിലെ കണ്ണുനീർ തോർന്നിരുന്നില്ല.....
Comments
Post a Comment