പാവ കച്ചവടക്കാരൻ
പാവ കച്ചവടക്കാരൻ
അയാൾ ഉണ്ടാക്കുന്ന പാവകൾ അത്രയും പേടിപെടുത്തുന്നതായിരുന്നു. എത്ര ശ്രമിച്ചിട്ടും അയാൾക്ക് ഭംഗിയുള്ള സാധാരണ പാവകളെ ഉണ്ടാക്കാൻ ആവുന്നില്ല.കടയിൽ പാവയെ വാങ്ങാൻ വരുന്ന കുട്ടികൾ പേടിപ്പെടുത്തുന്ന ഇത്തരം പാവകളെ കണ്ട് പേടിച്ചു പാവയെ വാങ്ങാതെ പോകുന്നത് പതിവായി.. നാട്ടുകാർ തന്നെ അടക്കം പറഞ്ഞു.. "അയാൾക്ക് ഭ്രാന്തുണ്ടോ ഇങ്ങനെ ഉള്ള പാവകളെ ഉണ്ടാക്കാൻ.. കുട്ടികൾ പേടിക്കില്ലെ... "എന്നൊക്കെ..
ഒടുവിൽ അയാളുടെ കൂട്ടുകാരനോട് തന്റെ നിസ്സഹായാവസ്ഥ അയാൾ വിവരിച്ചു..
" എന്നെ കൊണ്ട് പറ്റുന്നില്ല.ഞാൻ എന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. നല്ല ഒരു പാവയെ എങ്കിലും ഉണ്ടാക്കാനായി..പക്ഷെ അവസാനം ചെന്നെത്തുന്നത് ഇത്തരം ഭയപ്പെടുത്തുന്ന ഒരു പാവയായിട്ടാണ്.. ഞാൻ ആത്മഹത്യയുടെ വക്കിലാണ്.. ജീവിതം തന്നെ വഴിമുട്ടി. അഷ്ടിക്ക് വകയില്ല.. ഈ പാവകളെ വിറ്റു വേണം വീട്ടു ചിലവ് നടത്താൻ.. "
അയാളുടെ ഈ അവസ്ഥ കണ്ട് കൂട്ടുക്കാരൻ ഒരു വൈദികനെ പറ്റി പറഞ്ഞു കൊടുത്തു. ഇത്തരം വിശ്വാസങ്ങൾ ഏതുമില്ലെങ്കിലും അവസാന മാർഗം എന്ന നിലക്ക് അയാൾ വൈദികനെ ചെന്ന് കാണാൻ തീരുമാനിച്ചു.
വിവരങ്ങൾ കൃത്യമായി കേട്ട വൈദികൻ അയാളുടെ കടയിൽ വന്ന് നോക്കാൻ തീരുമാനിച്ചു. ഷെൽഫിൽ അടുക്കി വെച്ച ഭീകര മുഖത്തോട് കൂടിയ മര പാവകളെ വൈദികൻ നിരീക്ഷിച്ചു.. ശേഷം അയാളോട് വൈദികൻ പറഞ്ഞു..
"ഷെൽഫിന്റെ മുകളിൽ ആ ഇരിക്കുന്നത് ഒരു നല്ല പാവയാണല്ലോ.. അത് നീ ഉണ്ടാക്കിയതല്ലെ..? "
അത്ഭുതത്തോടെ അയാൾ ആ പാവയെ നോക്കി. അതിനെ കയ്യിലെടുത്ത് അയാൾ പറഞ്ഞു..."ഞാൻ ഉണ്ടാക്കുന്നതത്രയും ഭീകര മുഖം ഉള്ളവയാണല്ലോ.. ഇങ്ങനെ ഒന്ന് എനിക്ക് ഉണ്ടാക്കാൻ ഇതേ വരെ പറ്റിയിട്ടില്ല.. ഒരു ഓർമയും കിട്ടുന്നില്ല ഈ പാവയെ കുറിച്ച്.. !
വൈദികൻ അന്നേരം ചോദിച്ചു."നിനക്ക് എന്ന് മുതലാണ് ഈ പ്രശ്നം വന്നു തുടങ്ങിയത്.നീ പാവകളെ ഉണ്ടാക്കാൻ തുടങ്ങിയത് തൊട്ടാണോ? "
"അല്ല. ഈ കടയിൽ ഓരോ പാവയെ ഉണ്ടാക്കി കഴിയുമ്പോഴും ഞാൻ ഒരു ബുക്കിൽ എണ്ണം കുറിക്കാറുണ്ട്.എന്നാൽ ഒരിക്കൽ അത് തെറ്റി.. അന്ന് മുതൽ ആണ് എനിക്ക് ഈ അവസ്ഥ തുടങ്ങുന്നതും.."
"അത് തെറ്റാൻ കാരണം എന്തായിരുന്നു? "വൈദികൻ ചോദിച്ചു.
"കാരണം എന്ന് പറയാൻ ഒന്നുമില്ലായിരുന്നു..കടയിൽ ഒരാൾ വന്ന് ഒരു പാവയുടെ വില ചോദിച്ചു.ഞാൻ പറഞ്ഞ വിലക്ക് ആ പാവ വാങ്ങാൻ അയാൾ കൂട്ടാക്കിയില്ല.കുറഞ്ഞ ഒരു വില പറഞ്ഞു. ഞാൻ അത് സമ്മതിച്ചില്ല.അതിനെ ചൊല്ലി ചെറിയൊരു വാക്ക് തർക്കവും ഉണ്ടായി.ഒടുവിൽ അയാൾ പോയി.ആ ദിവസം ഞാൻ പകുതിയാക്കി വെച്ചിരുന്ന ഒരു പാവയെ ഉണ്ടാക്കുകയായിരുന്നു. എന്നാൽ ആ പാവയെ എനിക്ക് മുഴുവനാക്കാൻ ആയില്ല.
വൈദികൻ ചോദിച്ചു "ആ പാവയല്ലേ നിന്റെ കയ്യിൽ ഇരിക്കുന്നത്. അതിന്റെ ഒരു കയ്യ് മുഴുവൻ ആക്കിയിട്ടില്ല.നോക്കു.. "
അപ്പോഴാണ് അയാൾ അത് ശ്രദ്ധിച്ചത്.. പക്ഷെ ഇതെങ്ങനെ ഇവിടെ എത്തി.... അയാൾ ചിന്തിച്ചു.
വൈദികൻ തുടർന്നു..
"അന്ന് പാവയെ വാങ്ങാൻ വന്നയാളെ നിനക്കറിയാമോ? "
"ഇല്ല...പക്ഷെ ആ കാണുന്ന കടക്കാരന് അറിയാം.. "എന്ന് പറഞ്ഞു കൊണ്ട് അയാൾ ഒരു റൊട്ടി കട (Bakes)നടത്തുന്ന ആളെ കാട്ടി കൊടുത്തു.
വൈദികൻ പറഞ്ഞു. "നീ അയാളോട് ചോദിക്ക് അന്ന് വന്നയാളെ കുറിച്ച്. അന്ന് എന്തായാലും ഒരു കലഹം ഉണ്ടായതല്ലെ..അപ്പൊ അയാൾക്ക് ഓർമ കാണാതിരിക്കില്ല.. "
അയാൾ റൊട്ടി കടക്കാരനടുത്ത് പോയി. അന്ന് വന്നയാളെ കുറിച്ച് അന്വേഷിച്ചു.
റൊട്ടി കടക്കാരൻ പറഞ്ഞു "ആ ഓർമയുണ്ട്.പക്ഷെ അയാൾ ഇപ്പൊ ഇവിടെ ഇല്ല.കുടുംബത്തോടൊപ്പം മറ്റൊരു സ്ഥലത്താണ്.ഇവിടെ ചില പ്രശ്നങ്ങൾ ഉണ്ടായി പെട്ടെന്നവർക്ക്.."
"എന്താണ് ഉണ്ടായത്.. "അയാൾ ചോദിച്ചു.
" അയാളുടെ മകൾക്ക് കൊടുക്കാൻ ഒരു പാവയെ വാങ്ങാൻ ആണ് അന്നയാൾ നിങ്ങടെ അടുത്തോട്ടു വന്നത്. വലിയ പാവയെ പോയിട്ട് ചെറിയൊരു പാവയെ പോലും വാങ്ങി കൊടുക്കാൻ അയാൾക്ക് നിവൃത്തി ഇല്ല.എങ്കിലും അയാളുടെ മോൾക്ക് വേണ്ടിയാണ് അന്നയാൾ നിങ്ങളോട് കുറെ യാചിച്ചത്.പാവ വാങ്ങാൻ പോയ അച്ഛനെ കണ്ട അവൾ ഒരുപാട് സങ്കടപ്പെട്ടു. താൻ കാരണം അച്ഛന് ഇങ്ങനെ തല്ലു കൊള്ളേണ്ടിയും ചീത്ത കേൾക്കേണ്ടിയും വന്നത് ആ കുഞ്ഞു മനസ്സിന് താങ്ങാൻ ആയില്ല. ആ നിമിഷത്തെ പക്വതയില്ലായ്മ കൊണ്ട് ആ കുഞ്ഞ് ആത്മഹത്യ ചെയ്യുകയായിരുന്നു... "റൊട്ടി കടക്കാരൻ പറഞ്ഞു നിർത്തി.
അയാളെ അത് വല്ലാതെ തളർത്തി. കരഞ്ഞു കൊണ്ട് അയാൾ ചോദിച്ചു. "എന്നിട്ട് നിങ്ങൾ എന്ത് കൊണ്ടിത് അന്ന് പറഞ്ഞില്ല... "
റൊട്ടി കടക്കാരൻ മറുപടി നൽകി, "ഇയാളെ അത് പറഞ്ഞു വിഷമിപ്പിക്കേണ്ട എന്ന് കരുതി.. "
അയാൾ ചോദിച്ചു.."ആ മോളുടെ പേരെന്താണ്? അവളുടെ കുടുംബം ഇപ്പൊ എവിടെയാണ്? "
"കുടുംബം എവിടെയാണ് എന്ന് എനിക്ക് പിടിയില്ല. ദൂരെ എവിടെയോ ആണെന്ന് തോന്നുന്നു. ആ കുട്ടിയുടെ പേര് 'എസ്തർ'. അവളെ അടക്കിയത് ഇവിടത്തെ പള്ളിയിൽ ആണ്.. "കടക്കാരൻ പറഞ്ഞു നിർത്തി.
അയാൾ ഏറെ നിരാശയും സങ്കടവും നിറഞ്ഞ കണ്ണുകളുമായി
വൈദികന് അടുത്തെത്തി. കാര്യങ്ങൾ ഒക്കെ വിഷമത്തോടെ ധരിപ്പിച്ചു.
വൈദികൻ പറഞ്ഞു, "ഈ ചിരിക്കുന്ന, പൂർത്തിയാവാത്ത പാവ അവൾക്കുള്ളതാണ്. നീ ഉടനെ തന്നെ ഇത് അവളുടെ കല്ലറയിൽ കൊണ്ടു വെക്ക്. അതിലൂടെ മാത്രമേ നിനക്ക് നിന്റെ ബുദ്ധിമുട്ടുകളെ മറികടക്കാൻ ആകു. അറിയാതെ ആണെങ്കിലും ആ കുഞ്ഞിന്റെ മരണത്തിന് നീയും കാരണക്കാരൻ ആണ്.ആ പാപകറ ഇങ്ങനെ മാത്രമേ നിനക്ക് കഴുകി കളയാൻ ആകു.ചെല്ലൂ..."
ഉടനെ തന്നെ അയാൾ ആ പൂർത്തിയാക്കാത്ത ചിരിക്കുന്ന പാവയെയും കൊണ്ട് അവളുടെ കല്ലറയുടെ അരികിലെത്തി. കല്ലറക്ക് മുകളിൽ അതിനെ കൊണ്ട് വെച്ച് ഏറെ നേരം ആ കല്ലറക്കരികിൽ നിറഞ്ഞ കണ്ണുകളോടു കൂടി നിന്നു..
ഇതിനു ശേഷം അയാൾ ഉണ്ടാക്കുന്ന പാവകൾക്ക് അയാൾ ഉദ്ദേശിച്ച രൂപം തന്നെ ആകാൻ തുടങ്ങി. ഓരോ പാവയിലും അയാൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ആ മോളുടെ അദൃശ്യമായ മുഖം അയാൾക്ക് കാണാനായി..നല്ല കച്ചവടം ലഭിക്കാനും തുടങ്ങി.
ഈ മാറ്റത്തെ കുറിച്ച് പറയാനായി അയാൾ ആ വൈദികന്റെ പള്ളിയിലെത്തി.
അയാൾ വൈദികനോട് പറഞ്ഞു, "അച്ചോ..എന്റെ പാവകൾക്ക് ഇപ്പൊ ഞാൻ ഉദ്ദേശിക്കുന്ന രൂപം തന്നെ കിട്ടുന്നുണ്ട്. കച്ചവടം വളരെ മികച്ചത് ആകുന്നുണ്ട്. ആ കുഞ്ഞ് എന്റെ തെറ്റുകൾ ക്ഷമിച്ചു !"
ഒന്നും അറിയാത്ത ആളെ പോലെ വൈദികൻ അയാളെ നോക്കി. ശേഷം ചോദിച്ചു. "നീ പറയുന്നത് എനിക്ക് മനസിലാകുന്നില്ല. എന്ത് പാവയുടെ കാര്യമാണ് പറയുന്നത്.. വ്യക്തമാക്കു..വയസായി... ഓർമ കുറവാണോ എന്നറിയില്ല... മാത്രമല്ല.. ഞാൻ അൽപ്പം തിരക്കിലാ കുഞ്ഞേ.. പിന്നെ വരു." എന്ന് പറഞ്ഞു കൊണ്ട് വൈദികൻ പോയി.. ഒന്നും മനസിലാകാതെ അയാൾ ആ പള്ളിയിൽ നിന്നു. ആ സമയത്ത് ഒരു കുഞ്ഞുടുപ്പ് അയാളുടെ അരികിലേക്ക് പാറി വന്നു.. മര പാവയുടെ ഗന്ധം ആയിരുന്നു അതിന്.
ആ വൈദികൻ ആരായിരുന്നു എന്ന് മനസിലാക്കി ആ കുഞ്ഞുടുപ്പിൽ അയാൾ ഒന്ന് ചുംബിച്ചു.....
ശുഭം.............................
A Story By അഖിൽ കെ നായർ
Comments
Post a Comment